Wednesday, November 6, 2013

വല്ലഭ് ഭായി പട്ടേലിന്റെ പൈതൃകം




ചിന്താഗതിയുമായി തുടക്കം മുതലേ പട്ടേല്‍ ആഭിമുഖ്യം കാട്ടിയിരുന്നു എന്നത് നിഷേധിക്കാനാവില്ല. എന്നാല്‍, ഹിന്ദുത്വപ്രസ്ഥാനങ്ങളുടെ കോണ്‍ഗ്രസ് വിരുദ്ധ സമീപനങ്ങളോട് അദ്ദേഹം രാജിയായിരുന്നില്ല. മുസ്ലിംകള്‍ക്കുവേണ്ടി പാകിസ്താന്‍ പിറവികൊണ്ട സ്ഥിതിക്ക് സ്വതന്ത്ര ഇന്ത്യ ഹിന്ദുരാഷ്ട്രം ആവണമെന്ന ഗോള്‍വാള്‍ക്കറുടെയും സമാനചിന്താഗതിക്കാരുടെയും വാദത്തെ പട്ടേല്‍ അംഗീകരിച്ചിരുന്നില്ല. ഗാന്ധിജിയുടെയും നെഹ്റുവിന്‍െറയും ആസാദിന്‍െറയും സാമീപ്യമാവണം നിര്‍ണായകഘട്ടങ്ങളില്‍ പട്ടേലിനെ മതേതരനായി നിലനിര്‍ത്തിയത്. സ്വാതന്ത്ര്യത്തിനും മഹാത്മജിയുടെ വധത്തിനും ഇടയിലുള്ള ആറുമാസം ഗാന്ധിജിയും നെഹ്റുവും പട്ടേലും ചേര്‍ന്ന ത്രിമൂര്‍ത്തികളാണ് ഇന്ത്യയെ മതേതര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ അണിയറ ഒരുക്കങ്ങള്‍ നടത്തിയതെന്ന് പട്ടേലിന്‍െറ ജീവചരിത്രകാരനായ രാജ്മോഹന്‍ ഗാന്ധി അവകാശപ്പെടുന്നുണ്ട്.

ഹിന്ദുരാജ് ഭ്രാന്തമായ ഒരു ആശയമാണെന്നും അത് ഇന്ത്യയുടെ ആത്മാവിനെ കൊന്നുകളയുമെന്നും അതിന്‍െറ വക്താക്കളെ പട്ടേല്‍ ഓര്‍മപ്പെടുത്തിയതായി കാണുന്നു. എന്നാല്‍, ഭരണസ്വാധീനത്തിനും സഹായത്തിനും ആര്‍.എസ്.എസുകാര്‍ ഹിന്ദുമഹാസഭ നേതാവും വ്യവസായമന്ത്രിയുമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയെക്കാള്‍ ഉറ്റുനോക്കിയിരുന്നത് സര്‍ദാര്‍ പട്ടേലിലേക്കായിരുന്നു. യുവാക്കള്‍ കമ്യൂണിസത്തിലേക്ക് വഴുതിപ്പോവുകയാണെന്നും ആ വിപത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ആര്‍.എസ്.എസ് ബഹുമുഖ തന്ത്രങ്ങള്‍ ആവിഷ്കരിക്കാമെന്നും സര്‍സംഘ്ചാലക് കൂടിയായ ഗോള്‍വാള്‍ക്കര്‍ പട്ടേലിനെ സമീപിച്ച്‌ വാഗ്ദാനം നല്‍കിയത് ഈ അടുപ്പം ചൂഷണം ചെയ്താവണം. വിഭജനത്തോടെ ഹിന്ദുമുസ്ലിം വര്‍ഗീയത അതിന്‍െറ ബീഭത്സമുഖം തുറന്നുകാട്ടുകയും ദശലക്ഷക്കണക്കിന് നിരപരാധികള്‍ അതിര്‍ത്തിയിലും തലസ്ഥാനനഗരിയിലും പിടഞ്ഞുമരിക്കുകയും ചെയ്ത ദുരന്തസന്ധിയില്‍ പട്ടേല്‍ പെരുമാറിയത് ഒരു മതേതരവാദിയുടെ ഹൃദയവിശാലതയോടെ ആയിരുന്നില്ല. ഭരണാസ്ഥാനത്തുപോലും നിരപരാധികള്‍ നിഷ്ഠുരം കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് മുസ്ലിംകള്‍ അഭയാര്‍ഥികളായി നെട്ടോട്ടമോടുന്ന ദുരവസ്ഥ നേരില്‍ കാണേണ്ടിവരുകയും ചെയ്തപ്പോള്‍ ഗാന്ധിജി ധര്‍മരോഷംകൊണ്ടു. ആഭ്യന്തരം കൈയാളുന്ന പട്ടേലാണ് അതോടെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തപ്പെട്ടത്.

ഭരണകര്‍ത്താക്കളുടെ മൂക്കിനുതാഴെ മുസ്ലിംകളുടെ ജീവനും സ്വത്തിനും രക്ഷയില്ല എന്ന അവസ്ഥ രാഷ്ട്രപിതാവിനെ അങ്ങേയറ്റം വ്യാകുലചിത്തനാക്കി. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തലസ്ഥാന നഗരിയുടെ സുരക്ഷാ ഉത്തരവാദിത്തം പട്ടേലിന്‍െറ ചുമലിലാണെന്നതിനാല്‍ നരമേധങ്ങള്‍ തടയാന്‍ എന്തുനടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ധര്‍മരോഷത്തോടെ ചോദിച്ചു. സ്ഥിതിഗതികള്‍ നെഹ്റു പറയുന്നതുപോലെ ഭീതിദമല്ളെന്നും മുസ്ലിംകളാരുംതന്നെ ചകിതരായി പലായനം ചെയ്യുന്നില്ളെന്നും പട്ടേല്‍ ആവര്‍ത്തിച്ചപ്പോള്‍ പ്രധാനമന്ത്രിക്ക് സങ്കടവും രോഷവുംകൊണ്ട് നിശ്ശബ്ദനാവേണ്ടിവന്നു. പട്ടേലിന്‍െറ ഭാഷ്യം ഇതാണെങ്കില്‍ തനിക്ക് കൂടുതലായി ഒന്നും പറയാനില്ല എന്നായി നെഹ്റു. മനുഷ്യമാംസത്തിന്‍െറ രൂക്ഷഗന്ധം അന്തരീക്ഷമാകെ നിറഞ്ഞുനില്‍ക്കുമ്ബോഴും പട്ടേല്‍ മുസ്ലിംകളെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഉദ്യുക്തനായത് തന്നെയും നെഹ്റുവിനെയും ഞെട്ടിച്ചുവെന്ന് മൗലാനാ ആസാദ് പറയുന്നു. മുസ്ലിം കേന്ദ്രങ്ങളില്‍നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തുവെന്നും അറുകൊലകളില്‍ അവരും പിന്നിലല്ളെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു പട്ടേലിന്‍െറ ശ്രമം. 

ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരം, ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാന്‍ മുസ്ലിംകള്‍ സംഭരിച്ച ആയുധങ്ങള്‍ ഗവണ്‍മെന്‍റ് ഹൗസില്‍ പ്രദര്‍ശനത്തിന് വെച്ചപ്പോള്‍ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു അമ്ബരന്നു. തുരുമ്ബുപിടിച്ച ഈ പീച്ചാക്കത്തിയും അടുക്കളക്കത്തിയുംകൊണ്ട് ദല്‍ഹി പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ഈ വിഡ്ഢികള്‍ വിശ്വസിക്കുന്നുണ്ടെന്നാണോ താങ്കള്‍ക്ക് കിട്ടിയ വിവരമെന്ന് അദ്ദേഹത്തിന് ആഭ്യന്തര മന്ത്രിയോട് ചോദിക്കേണ്ടിവന്നു. താന്‍ എത്ര കേണപേക്ഷിച്ചിട്ടും തലസ്ഥാനനഗരിയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രി ഫലപ്രദമായി ഒന്നും ചെയ്യുന്നില്ളെന്നു കണ്ടപ്പോള്‍ മരണം വരെ നിരാഹാരമിരിക്കാന്‍ ഗാന്ധിജി തീരുമാനിച്ചു. തന്‍െറ പ്രിയശിഷ്യന്‍ പട്ടേല്‍ രാജ്യത്തിന്‍െറ ആഭ്യന്തര മന്ത്രി പദത്തിലിരിക്കുമ്ബോള്‍ ദല്‍ഹിയിലെ മുസ്ലിംകള്‍ നിഷ്ഠുരം അറുകൊല ചെയ്യപ്പെടുന്നതു കണ്ടിരിക്കാന്‍ മന$സാക്ഷി സമ്മതിക്കുന്നില്ളെന്ന പ്രഖ്യാപനത്തോടെ1948 ജനുവരി 12ന് മഹാത്മജി നിരാഹാരം തുടങ്ങി. ഈ സമരത്തിന് ഒരടിസ്ഥാനവുമില്ളെന്ന് പട്ടേല്‍ വാദിച്ചു. ഇതറിഞ്ഞ ഗാന്ധിജി പൊട്ടിത്തെറിച്ചു: 'ഞാന്‍ ചൈനയിലൊന്നുമല്ല, ദല്‍ഹിയില്‍തന്നെയാണുള്ളത്. എന്‍െറ കണ്ണും കാതും നഷ്ടപ്പെട്ടിട്ടൊന്നുമില്ല. എന്‍െറ കണ്ണുകൊണ്ട് കാണുന്നതും ചെവികൊണ്ട് കേള്‍ക്കുന്നതും അവിശ്വസിക്കണമെന്നും മുസ്ലിംകള്‍ക്ക് പരിഭ്രാന്തിപ്പെടാന്‍ ഒന്നുമില്ളെന്നും എനിക്ക് ഒരുനിലക്കും ബോധ്യപ്പെടുന്നില്ല. ആര്‍ക്കും ബോധ്യപ്പെടുത്താനും കഴിയില്ല. ഹിന്ദുക്കളും സിഖുകാരും എന്‍െറ സഹോദരങ്ങളാണ്. എന്‍െറ മാംസത്തിന്‍െറ മാംസമാണ്. അവര്‍ക്കിപ്പോള്‍ രോഷംകൊണ്ട് അന്ധത ബാധിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ അവരെ കുറ്റപ്പെടുത്തില്ല. എന്‍െറ വ്രതം യാഥാര്‍ഥ്യങ്ങളിലേക്ക് അവരുടെ കണ്ണു തുറപ്പിക്കുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്'. പിന്നീട് എന്തു സംഭവിച്ചുവെന്ന് മൗലാനാ ആസാദ് പറയട്ടെ: 'ഈ മറുപടിയില്‍ രോഷാകുലനായ സര്‍ദാര്‍ പട്ടേല്‍, ഗാന്ധിജിയോട് വളരെ പരുഷമായ ഭാഷയില്‍ തട്ടിക്കയറി. ഈ പെരുമാറ്റം കണ്ട് ഞാനും ജവഹര്‍ലാലും നടുങ്ങുകയും ആശ്ചര്യപ്പെടുകയും ചെയ്തു.

നിശ്ശബ്ദനായിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. പ്രതിഷേധസ്വരത്തില്‍ ഞാന്‍ പറഞ്ഞു: 'വല്ലഭ് ഭായീ, നിങ്ങള്‍ മനസ്സിലാക്കണമെന്നില്ല; നിങ്ങളുടെ നിലപാട് പരിഹാസ്യവും ഗാന്ധിജിയെ വേദനിപ്പിക്കുന്നതുമാണെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്'. ഇതോടെ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ പട്ടേല്‍ പോകാന്‍ ഭാവിച്ചു. ഞാന്‍ തടഞ്ഞുനിര്‍ത്തി പറഞ്ഞു: 'താങ്കള്‍ ബോംബെ യാത്ര മാറ്റിവെക്കണം. ദല്‍ഹിയില്‍തന്നെ ഉണ്ടാവണം. ഗാന്ധിജി നിരാഹാരമിരിക്കുമ്ബോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല'. എന്നാല്‍, പട്ടേല്‍ എന്നോട് തട്ടിക്കയറുകയാണുണ്ടായത്: 'ഞാന്‍ ഇവിടെനിന്നിട്ട് എന്തുകാര്യം? ഞാന്‍ പറയുന്നത് കേള്‍ക്കാന്‍പോലും ഗാന്ധിജി തയാറല്ല. ലോകത്തിനു മുന്നില്‍ മുഴുവന്‍ ഹിന്ദുക്കളുടെയും പേര് മോശമാക്കാന്‍ അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍. ഇതാണ് സമീപനമെങ്കില്‍ എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ല. എനിക്ക് എന്‍െറ പരിപാടിയില്‍ മാറ്റംവരുത്താന്‍ സാധിക്കില്ല. എനിക്ക് എന്തായാലും ബോംബെക്ക് പോവണം'. പട്ടേല്‍ ഒടുവില്‍ ബോംബെക്ക് പറന്നു. ഗാന്ധിജി നിരാഹാരം തുടങ്ങി. ജാതിമതചിന്തകള്‍ വെടിഞ്ഞ് ജനം ഉപവാസസ്ഥലത്തേക്ക് ഒഴുകി. തലസ്ഥാനനഗരി ഇളകിമറിഞ്ഞു. നിരാലംബരായ മുസ്ലിംകളെ ഇനി കൊന്നൊടുക്കില്ളെന്നും അഭയാര്‍ഥികളായി തെരുവില്‍ കഴിയുന്ന ഹതഭാഗ്യരെ അവരുടെ വീടുകളിലേക്ക് തിരിച്ചത്തെിക്കുമെന്നും ഉറപ്പുതന്നാലേ നിരാഹാരം അവസാനിപ്പിക്കൂ എന്ന് മഹാത്മജി ശഠിച്ചു. 2,00,000ത്തോളം വരുന്ന ഹിന്ദുസിഖ് വിശ്വാസികള്‍ ഒത്തുചേര്‍ന്ന് ഗാന്ധിജിക്ക് ആ നിലയില്‍ ഉറപ്പുനല്‍കി. മൗലാനാ ആസാദ് നല്‍കിയ നാരങ്ങാനീര് കുടിച്ച്‌ നിരാഹാരം അവസാനിപ്പിക്കുമ്ബോള്‍ ഗാന്ധിജിയുടെ ചുണ്ടനങ്ങി: 'ഇത് എന്‍െറ അവസാനത്തെ വ്രതമാവട്ടെ'. മാസങ്ങള്‍ക്കുള്ളില്‍ ആ പ്രാര്‍ഥന ഫലിച്ചു. 1948 ജനുവരി 30ന് അദ്ദേഹം ഗോദ്സെയുടെ വെടിയേറ്റു മരിച്ചു. 

മഹാത്മജിയുടെ മരണം സര്‍ദാര്‍ പട്ടേലിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഗാന്ധി വധത്തിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് ആഭ്യന്തര മന്ത്രിക്ക് രക്ഷപ്പെടാനാവില്ളെന്ന് ജയപ്രകാശ് നാരായണ്‍ മുഖത്തുനോക്കി പറഞ്ഞു. പലതവണ ഗാന്ധിജിയുടെ ജീവനുനേരെ ഭീഷണി ഉയര്‍ന്നിട്ടും മതിയായ സുരക്ഷ സംവിധാനിക്കാന്‍ പരാജയപ്പെട്ടതിന് എന്തു ന്യായീകരണമാണ് നിരത്താനുള്ളതെന്ന് പ്രഫുല്ലചന്ദ്ര ഘോഷിനെ പോലുള്ളവര്‍ ക്ഷുഭിതരായി. ഗാന്ധിജി കൊല്ലപ്പെട്ടതറിഞ്ഞ് ഗ്വാളിയോറിലും ജയ്പൂരിലും മധുരം വിതരണം ചെയ്തു എന്ന വാര്‍ത്ത നാടാകെ പരന്നു. 1948 ഫെബ്രുവരി 26ന് പ്രധാനമന്ത്രി നെഹ്റു പട്ടേലിന് എഴുതി: 'ബാപ്പുവിന്‍െറ കൊല ഒറ്റപ്പെട്ട ഒരു സംഭവമല്ളെന്നും മുഖ്യമായും ആര്‍.എസ്.എസ് നടത്തിയ വ്യാപകമായ ഒരു കാമ്ബയിനിന്‍െറ ഭാഗമാണെന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്തോറും ഞാന്‍ അനുമാനിക്കുകയാണ്'. ആര്‍.എസ്.എസിനെ നിരോധിക്കുകയേ പട്ടേലിനു മുന്നില്‍ പോംവഴിയുണ്ടായിരുന്നുള്ളൂ. പട്ടേലിന്‍െറ കൈകൊണ്ടുതന്നെ നിരോധം ഏറ്റുവാങ്ങേണ്ടിവന്നപ്പോള്‍ ഗോള്‍വാള്‍ക്കര്‍ക്ക് അത് സഹിക്കാനായില്ല. തങ്ങളെ ജയില്‍മുക്തരാക്കണമെന്നും നിരോധം എടുത്തുകളയണമെന്നും അഭ്യര്‍ഥിച്ച്‌ അദ്ദേഹം പട്ടേലിന് എഴുതി. ഗവണ്‍മെന്‍റിനോ ജനങ്ങള്‍ക്കോ സംഘടനയോട് അശേഷം അനുകമ്ബ ബാക്കിയില്ളെന്നും ഗാന്ധിജിയുടെ മരണത്തിനുശേഷം ആര്‍.എസ്.എസിന്‍െറ ആള്‍ക്കാര്‍ മിഠായി വിതരണം ചെയ്തുവെന്നും ആഹ്ളാദം പ്രകടിപ്പിച്ചുവെന്നും കേട്ട് രാജ്യം ഞെട്ടിത്തരിച്ചിരിക്കുകയാണെന്നും പട്ടേല്‍ മറുപടി എഴുതി. അധികം വൈകാതെ ചില ഉറപ്പുകളുടെ മറവില്‍ സംഘടനയുടെ മേലുള്ള നിരോധം പിന്‍വലിക്കുകയും വീണ്ടും കര്‍മപഥത്തില്‍ സജീവമാകാന്‍ ആര്‍.എസ്.എസിനെ അനുവദിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവായ പട്ടേലിന്‍െറ ഹൃദയം എന്നും വലതുചിന്താഗതിക്കാരോടൊപ്പമാണെന്ന് വ്യക്തമാവുകയാണിവിടെ. ദേശീയപ്രസ്ഥാനത്തിന്‍െറ പ്രകടമായ ദൗര്‍ബല്യങ്ങളിലൊന്നായിരുന്നു സര്‍ദാര്‍ പട്ടേലും കെ.എം. മുന്‍ഷിയുമൊക്കെ കൊണ്ടുനടന്ന തീവ്ര വലതുപക്ഷ വിചാരധാര. കോണ്‍ഗ്രസിന്‍െറ മതേതരചിന്തയും ആര്‍.എസ്.എസിന്‍െറ വര്‍ഗീയചിന്തയും വേര്‍തിരിയുന്ന അതിര്‍വരമ്ബ് പലഘട്ടങ്ങളിലും അലിഞ്ഞില്ലാതായി.

ഭൂരിപക്ഷ സാമുദായികവാദം പലപ്പോഴും ന്യൂനപക്ഷ വിരുദ്ധതയിലാണ് അദ്ദേഹത്തെ കൊണ്ടത്തെിച്ചത്. അങ്ങനെയാണ്, ഭരണഘടനാ നിര്‍മാണസഭയില്‍ മുസ്ലിംകളുടെ പ്രശ്നങ്ങള്‍ വന്നപ്പോഴെല്ലാം പരിഹാസത്തോടെയും ധിക്കാരത്തോടെയും പട്ടേല്‍ പെരുമാറിയത്. മുസ്ലിംലീഗ് അംഗങ്ങളായ പോക്കര്‍ സാഹിബും കെ.ടി.എം. അഹ്മദ് ഇബ്രാഹീമും പ്രത്യേക ഇലക്ടറേറ്റിനുവേണ്ടി പ്രമേയം കൊണ്ടുവന്നപ്പോള്‍ പട്ടേല്‍ ആക്രോശിച്ചു: 'നിങ്ങള്‍ക്ക് പ്രത്യേക രാജ്യം കിട്ടി. നിങ്ങളാണ് അതിനു ഉത്തരവാദിയെന്ന് മറക്കേണ്ട. ഇനിയും നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?'. സംവരണ വിഷയം വന്നപ്പോഴും ന്യൂനപക്ഷ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ മൗലാനാ ആസാദിനെ പോലുള്ള ദേശീയ മുസ്ലിംകളുടെ ആവശ്യം പട്ടേല്‍ തള്ളിക്കളഞ്ഞു. സംവരണം ആവശ്യമില്ല എന്നത് മൊത്തം മുസ്ലിംകളുടെ വികാരമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മുസ്ലിംലീഗ് പ്രതിനിധിയായിരുന്ന ബീഗം ഐജാസ് റസൂലിനെ സൂത്രത്തില്‍ ചട്ടുകമാക്കി. ഇന്ത്യയുടെ ഐക്യപ്രതീകമായാണ് ആര്‍.എസ്.എസും നരേന്ദ്ര മോഡിയും ഇന്ന് സര്‍ദാര്‍ പട്ടേലിനെ ഉയര്‍ത്തിക്കാട്ടുന്നതും പ്രചാരണായുധമായി വിനിയോഗിക്കുന്നതും. നര്‍മദയുടെ തീരത്ത് 182 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഉരുക്കുപ്രതിമയുണ്ടാക്കി 'ലോഹപുരുഷ'ന്‍െറ നാമം അനശ്വരമാക്കാനുള്ള ശ്രമം തന്നെ സബര്‍മതിയുടെ ഓരത്തെ ആശ്രമത്തില്‍നിന്ന് രാഷ്ട്രപിതാവായി ഉയര്‍ന്നുവന്ന ഗാന്ധിജിയെ ചരിത്രത്തില്‍നിന്ന് നിഷ്കാസിതനാക്കാനാണ്. മതമൈത്രി ഉദ്ഘോഷിച്ച ഗാന്ധിജിയോട് ഹെഡ്ഗേവാറിന്‍െറയും ഗോള്‍വാള്‍ക്കറുടെയും ശിഷ്യന്മാര്‍ പകരംവീട്ടുകയാണ്. സങ്കുചിതമായ സാമുദായികബോധവും ഭ്രാന്തമായ ദേശീയബോധവുമാണ് പട്ടേലില്‍നിന്ന് സംഘ്പരിവാര്‍ പൈതൃകമായി ഏറ്റുവാങ്ങുന്നത്. പട്ടേലിനെ ഐക്യപ്രതീകമായി വാഴ്ത്താന്‍ സംഘ്പരിവാറിന് ആവേശം പകരുന്നത്, സ്വാതന്ത്ര്യാനന്തരം അറുനൂറിലധികം വരുന്ന നാട്ടുരാജ്യങ്ങളെ പട്ടേലിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിച്ചതില്‍ മുസ്ലിംകള്‍ ഭരിച്ച കശ്മീരും ഹൈദരാബാദും ജുഗനാഥും പട്ടാളത്തെ വിട്ട് ഉദ്ഗ്രഥനം പൂര്‍ത്തിയാക്കിയതാണന്ന് കോണ്‍ഗ്രസിന് മനസ്സിലാകുന്നതേയില്ല. 

Reference : http://m.newshunt.com/Madhyamam/Latest+news/25105360/993